" ആയിരത്തോളം വേദികളിൽ നിന്നും വേദികളിലേക്ക് റോക്കറ്റ് പോലെ കുതിച്ചു മാപ്പിള കലയുടെ അവസാന വാക്കായി ഇന്ത്യാ രാജ്യം മുഴുവനും വിധികർത്താവായി സേവനം അനുഷ്ഠിച്ച...." "ലീഡർ" ബസിന്റ വിൻഡോ സീറ്റിലിരുന്നു മയങ്ങുകയായിരുന്ന ഞാൻ ഈ പഞ്ച് അനൗൺസ്മെൻറ് കേട്ട് അടുത്തിരുന്ന മാന്യനെ നോക്കി വെറുതെ ചിരിച്ചു. 'ഇവനിതെന്തു പറ്റി അപ്പാ' എന്ന് അയാൾ ചിന്തിച്ചിരിക്കണം. ആ പാവത്തിന് അറിയില്ലല്ലോ 7 വർഷം മുമ്പ് ഇന്ത്യ പരക്കെ ഇതു പോലെ ജഡ്ജ് ചെയ്ത ഒരു വീര ശൂര പരാക്രമിയുടെ അടുത്താണ് അയാൾ ഇരിക്കുന്നതെന്ന്. 7 വർഷം മുമ്പ് ഇതുപോലെ ഒരു നബിദിന കാലം. വട്ട ചെലവിനും, മറ്റും, കാശിനു നല്ല പഞ്ഞമുള്ള കാലം. സിഗ്രി കഴിഞ്ഞ ഉടനെയാണ്. ബി.എഡിനു പോകാൻ വീട്ടിൽ നിന്നു ഭയങ്കര നിർബന്ധം. എല്ലാ യുവാക്കളേയും പോലെ പെട്ടെന്ന് കാശുകാരനാവാൻ ഉള്ള വഴി അന്വേഷിച്ചു ഞാനും. എന്നും വൈകുന്നേരം കോട്ടക്കുന്നിന്റെ മുകളിൽ പോയിരുന്നു ഞങ്ങൾ ഒരു പാട് Planing നടത്തും. പക്ഷേ ഒന്നും നടന്നില്ല. കാരണം ഞങ്ങളുടെ മനസിൽ Reliance ഉം ഞാൻ മുകേഷ് അംബാനിയും ആയിരുന്നു. ...