സ്നേഹം അഥവാ ലൗവ്
' സ്നേഹം അഥവാ ലൗവ് '
പെൺകുട്ടികളുടെ കൂടെ കൂടാൻ പണ്ടു മുതൽ തന്നെ ഭയങ്കര മടിയായിരുന്നു.
മദ്രസയിലും പിന്നീട് സർക്കാർ വിലാസം എൽ.പി. സ്കൂളിൽ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. എൽ.പി സ്കൂൾ കാലത്തൊക്കെ പെൺകുട്ടികളോട് മിണ്ടിയാൽ തന്നെ അത് ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ "ലൗവ്" ആകുമായിരുന്നു. ( ഇതൊക്കെ കേൾക്കുമ്പോൾ എന്തൊരു തള്ളാണെന്റ പ്പാ എന്നു ചിന്തിക്കുന്നവരോട് അതാണ് ഞങ്ങളുടെ നാട് , അതിനെ കുറിച്ചാണ് എനിക്കു പറയാനും ഉള്ളത് ).
വർഷം 1998-1999 കാലം. അന്ന് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഞങ്ങളുടെ ക്ലാസ് ടീച്ചർ കരുണാകരൻ സാർ ഞങ്ങൾ 6 പേരെ (4പെൺകുട്ടിക്കും 2 ആൺകുട്ടികളും) 5 KM അപ്പുറത്തെ Govt Girls School -ൽ നടക്കുന്ന Quiz മത്സരത്തിന് കൊണ്ടു പോയി. സാർ സ്കൂൾ ഫണ്ട് സ്വന്തം പൈസ എന്ന രീതിയിൽ Auto ഒക്കെ വിളിച്ചു. ഓട്ടോയിൽ ആദ്യം 4 പെൺകുട്ടികൾ കയറി. ശേഷം ആരു കയറും? ഞാനേ? ഹേ! (നടക്കൂല മാഷേ എന്നു മനസ്സിൽ പറഞ്ഞ് കൂടെയുള്ള ചങ്ക് ബ്രോ റഫീക്കിനെ കയറ്റി )
അവന്റെ അടുത്ത് കയറിയത് അടുത്ത ക്ലാസിലെ രേഷ്മ ആയിരുന്നു. പോരേ! (നീ തീർന്നെടാ !)
ഈ രേഷ്മക്ക് ഭയങ്കര അഹങ്കാരമാണെന്ന് ഞങ്ങൾ പണ്ടേ വിധി എഴുതിയതാ. കാരണം അവൾ എന്നും കുളിച്ചു വൃത്തിയായി നല്ല ഉടുപ്പിട്ട് വരും (ബാക്കി അഹങ്കാരമില്ലാത്ത മാന്യൻമാർ മൂക്കൊലിപ്പിച്ചും, തോട്ടിലെ മീൻ പിടിച്ചു, ചളി പിടിച്ചുമാണ് ക്ലാസ്സിൽ വരിക). രേഷ്മ മാത്രമാണ് Birthday - ക്ക് അന്ന് മിഠായി തന്നത്. ഞങ്ങൾ പുരുഷ കേസരികൾ ഒറ്റകെട്ടായി ബഹിഷ്കരിച്ചു. ത്ഫൂ... അഹങ്കാരിയുടെ മിഠായി ആർക്കു വേണം?. അവസാനം അവളുടെ "കള്ള കരച്ചിൽ " കണ്ട് ടീച്ചർ ബലമായി ഞങ്ങൾക്ക് മിഠായി തന്നു. ഞങ്ങൾ interval സമയത്ത് അത് തിന്നാതെ സ്കൂൾ കിണറ്റിൽ ഉപേക്ഷിച്ചു. (അന്ന് നാമജപം അറിയില്ലായിരുന്നു. എങ്കിലും ഭക്തജനങ്ങളുടെ വികാരം വൃണപ്പെടുത്തിയ മൂരാച്ചി ടീച്ചർക്കെതിരെ ഞങ്ങൾ ഒറ്റകെട്ടായിരുന്നു). മിഠായി ബഹിഷ്കരണം വൻ വിജയമായിരുന്നു എന്നും കിണറ്റിലെ വെള്ളത്തിന്റെ കളർ പോലും മാറി എന്നും ഞങ്ങൾ അവലോകനവും ചെയ്തു.
അപ്പോൾ എവിടെയാ നിർത്തിയെ? ആഹാ!' റഫീഖും രേഷ്മയും അടുത്ത് ഇരുന്നു. നീ തീർന്നെടാ എന്നു മനസിൽ പറഞ്ഞു പുറമേക്ക് പാവത്താനായി ഞാനും. തിരിച്ചു സ്കൂളിൽ എത്തി വർഗ വഞ്ചകന്റെ മൂരാച്ചി തരം ഞാൻ റിപ്പോർട്ട് ചെയ്തു. അന്ന് മുതൽ റഫീഖും രേഷ്മയും ഞങ്ങളുടെ ഭാഷയിൽ "ടിൻഗോൾഫി".
ഒരു വട്ടം പോലും സംസാരിക്കാതെ ഒപ്പം നടക്കാത്ത അവർ തമ്മിൽ ഭയങ്കര "ലൗവ് "ആയി.
Comments
Post a Comment