ഒരു കഥ സൊല്ലുട്ടുമാ

" ആയിരത്തോളം വേദികളിൽ നിന്നും വേദികളിലേക്ക്  റോക്കറ്റ് പോലെ കുതിച്ചു മാപ്പിള കലയുടെ അവസാന വാക്കായി ഇന്ത്യാ രാജ്യം മുഴുവനും വിധികർത്താവായി സേവനം അനുഷ്ഠിച്ച...." 
           "ലീഡർ" ബസിന്റ വിൻഡോ സീറ്റിലിരുന്നു മയങ്ങുകയായിരുന്ന ഞാൻ ഈ പഞ്ച് അനൗൺസ്മെൻറ് കേട്ട് അടുത്തിരുന്ന മാന്യനെ നോക്കി വെറുതെ ചിരിച്ചു. 'ഇവനിതെന്തു പറ്റി അപ്പാ' എന്ന് അയാൾ ചിന്തിച്ചിരിക്കണം. ആ പാവത്തിന് അറിയില്ലല്ലോ 7 വർഷം മുമ്പ് ഇന്ത്യ പരക്കെ ഇതു പോലെ ജഡ്ജ് ചെയ്ത ഒരു വീര ശൂര പരാക്രമിയുടെ അടുത്താണ് അയാൾ ഇരിക്കുന്നതെന്ന്.

            7 വർഷം മുമ്പ് ഇതുപോലെ ഒരു നബിദിന കാലം. വട്ട ചെലവിനും, മറ്റും, കാശിനു നല്ല പഞ്ഞമുള്ള കാലം. സിഗ്രി കഴിഞ്ഞ ഉടനെയാണ്. ബി.എഡിനു പോകാൻ വീട്ടിൽ നിന്നു ഭയങ്കര നിർബന്ധം. എല്ലാ യുവാക്കളേയും പോലെ പെട്ടെന്ന് കാശുകാരനാവാൻ ഉള്ള വഴി അന്വേഷിച്ചു ഞാനും. എന്നും വൈകുന്നേരം കോട്ടക്കുന്നിന്റെ മുകളിൽ പോയിരുന്നു ഞങ്ങൾ ഒരു പാട് Planing നടത്തും. പക്ഷേ ഒന്നും നടന്നില്ല. കാരണം ഞങ്ങളുടെ മനസിൽ Reliance ഉം ഞാൻ മുകേഷ് അംബാനിയും ആയിരുന്നു.

        അങ്ങിനെയിരിക്കെ High School വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാൻ ഒരു അവസരം കിട്ടി. മണിക്കൂറിന് 40 രൂപ കിട്ടും. ( കിട്ടിയാ കിട്ടി!! ). എന്തായാലും ഞാൻ "മാഷ് " ആയി. (കഞ്ഞി അല്ല ). കിട്ടുന്ന കാശ് കുറവും ഇറങ്ങുന്ന സിനിമകൾ കൂടുതലും ആയിരുന്നത് കൊണ്ട് കാശൊന്നും കയ്യിൽ ഉണ്ടാവില്ല. പിന്നെ ട്യൂഷൻ ക്ലാസ് ഇല്ലാത്ത March ഒക്കെ പട്ടിണി തന്നെ.
         പഞ്ഞ മാസമായ മാർച്ചിലെ ഒരു വൈകുന്നേരം ഉമ്മ വറുത്ത അരി മണിയും കൊറിച്ചിരിക്കുന്ന നേരത്താണ് എന്റെ nokia ടോർച്ച് സെറ്റ് ചിലച്ചത്. (അതിനേയും ഞാൻ തീറ്റി പോറ്റണം!). " ഡാ .. 1000 കിട്ടും, പിന്നേ വയറ് നിറയെ ചിക്കൻ ബിരിയാണിയും, നീ പോരുന്നോ?". ഇതൊക്കെ എന്ത് ചോദ്യമെന്റെ മാഷേ എന്നും പറഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി. എന്നെ വിളിച്ച ഈ പുള്ളി ഒരു സംഭവമാ... ആ കഥ മറ്റൊരു അവസരത്തിലാവാം.
        1000 രൂപ! എന്തായിരിക്കും പണി? വിളിച്ചത് ടിയാനായത് കൊണ്ട് അവന്റെ മുതലാളിയുടെ പുതിയ Innova യുടെ കാറ്റൊഴിക്കൽ മുതൽ സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പിൽ കള്ള വോട്ട് വരെ ആകാം. എന്നെ കണ്ട ഉടനെ അവൻ എന്നെ വാഹനത്തിൽ കയറ്റി സംഭവ സ്ഥലത്തേക്ക് കുതിച്ചു. എന്താ സംഭവം എന്നു ചോദിച്ചപ്പോൾ നിനക്ക് 1000 വേണോ? വേണ്ടയോ? എന്നു മാത്രം അവർ ചോദിച്ചു. 
       ഒരു സമ്മേളനത്തിനുള്ള ആളുണ്ട്. നബിദിന പരിപാടി ആണ്. 1000 രൂപ ആര്? എന്തിന്? എപ്പോ?, എനിക്ക് ഒന്നും മനസ്സിലായില്ല. അവിടെ ഒരു അഡാർ സ്റ്റേറുജണ്ട്. സ്റ്റേജിനു അഭിമുഖമായി രണ്ട് പീഠങ്ങൾ ഉയർത്തി വെച്ചിട്ടുണ്ട്. എനിക്ക് ഒന്നും മനസിലായില്ല. ഉടനെ കമ്മിറ്റിക്കാർ എനിക്ക് ഒരു പേപ്പറും പേനയും തന്ന് എന്നെ ഒരു പീoത്തിലും അവനെ അപ്പുറത്ത് വിളിച്ചാൽ കേൾക്കാത്ത ദൂരത്തിലുള്ള രണ്ടാമത്തെ പീoത്തിലും ഇരുത്തി. ഞാൻ ഒന്നും മനസിലാകാതെ വാ പൊളിച്ചു ഇരുന്ന പ്പോൾ അനൗൺസർ അടുത്ത് വന്ന് എന്റെ പേര് ചോദിച്ചു. പേര് പറഞ്ഞ ഉടനെ വന്ന് കിടുക്കാച്ചി അനൗൺസ്മെന്റ്.. "ആയിരത്തോളം വേദികളിൽ മാപ്പിള കലകളുടെ വിധി കർത്താവായ...
     സംഭവം ഞാൻ മാപ്പിള കലയുടെ കുലപതി. ഇപ്പോൾ സ്റ്റേജിൽ ദഫ് തുടങ്ങും. ഞാൻ രണ്ടിലൊരു ജഡ്ജ്. പിരിക്കാൻ മീശ മുളക്കാത്തതു കൊണ്ടും, ചാടി പിടഞ്ഞു പോന്നപ്പോൾ ഉടുത്ത തുണി മാറാൻ പറ്റാത്തതു കൊണ്ടും അടിയന് നിവർന്നിരിക്കാനും വയ്യ.
     ഹൃദയം ദഫ് പോലെ മിടിക്കുമ്പോൾ ഒന്നാമത്തെ team സ്റ്റേജിൽ എത്തി. ഒരു മിനിറ്റ്,  "ശങ്ക'' തീർക്കാനെന്നും പറഞ്ഞ് മാസ്റ്റർ ബ്രയിൻ ടിയാനേയും കൂട്ടി പുറത്തിറങ്ങി. "എന്താടാ, ദഫ് ഒക്കെ ചെറുതായോ?"'' ''എടാ, ഇത് ദഫ്, മറ്റേത് അർബന". എന്റെ പാണ്ഡിത്യം നിങ്ങൾക്ക് ബോധ്യമായല്ലോ, അല്ലേ?.
      ആകെ മൊത്തം25 team, 4 team കഴിഞ്ഞപ്പോഴേക്ക് എന്റെ കണ്ണിൽ പൊന്നീച്ച പറക്കാൻ തുടങ്ങി. എല്ലാം ഒരേ Step, എന്തായാലും ഞാൻ കണ്ണും തുറന്ന് ഇരുന്നു. അവസാനം മത്സരം ഒക്കെ കഴിഞ്ഞപ്പോൾ സഹോ Calculation എന്നും പറഞ്ഞ് അടുത്ത് വന്നു, കിട്ടിയ 5 മിനിറ്റ് കൊണ്ട് അവനിട്ട മാർക്കിൽ 1/2 കുറച്ച് ഞാനും ഇട്ടു.
സംഭവം കളർ, ജഡ്ജ് മെൻറ് കിറു കൃത്യം.

        ഞാൻ ബസിലിരുന്ന് ചിരിച്ചതിന്റെ കാരണം ഇപ്പോൾ നിങ്ങൾക്ക് പിടി കിട്ടിയില്ലേ?


Comments

Post a Comment

Popular posts from this blog

The Price Of Flowers

Death The Leveller

SHOULD THE ASSASSIN OF GANDHI BE KILLED?